Wed, 1 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Working Class

സാധാരണക്കാർക്ക് അ​തി​ജീ​വ​നം മാ​ത്രം... അ​ന്തസുള്ള ജീവിതമില്ല; രാജ്യത്തെ കു​റ​ഞ്ഞ വേ​ത​ന വ്യ​വ​സ്ഥ, റോക്കറ്റ് പോലെ കുതിക്കുന്ന വില വർധന

ന്യൂഡൽഹി: ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​ർ നേ​രി​ടു​ന്ന ക​ടു​ത്ത വേ​ത​ന വി​വേ​ച​ന​വും കു​റ​ഞ്ഞ വ​രു​മാ​ന​വും രാജ്യത്തെ സാ​മ്പ​ത്തി​ക അ​സ​മ​ത്വ​ത്തെ എ​ത്ര​ത്തോ​ളം രൂ​ക്ഷ​മാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച് ദേശീയ മാധ്യമത്തിൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം ച​ർ​ച്ച​യായി മാറുകയാണ്. കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്കും സ​മ്പ​ന്ന​ർ​ക്കും നി​കു​തി​യി​ള​വു​ക​ൾ ഉ​ൾ​പ്പെ​ടെ​ വൻ ആ​നു​കൂ​ല്യ​ങ്ങ​ൾ വാരിക്കോരി ന​ൽ​കു​മ്പോ​ൾ, രാ​ജ്യ​ത്തെ ബ​ഹു​ഭൂ​രി​പ​ക്ഷം അ​ധ്വാ​നി​ക്കു​ന്ന ജ​ന​വി​ഭാ​ഗ​ത്തെ ദാ​രി​ദ്ര്യ​ത്തി​ലേ​ക്കും തു​ച്ഛ​മാ​യ വ​രു​മാ​ന​ത്തി​ലേ​ക്കും ത​ള്ളി​വി​ടു​ന്ന സാ​മ്പ​ത്തി​ക ന​യ​ങ്ങ​ളാ​ണ് ഇ​വി​ടെ തു​ട​രു​ന്ന​തെ​ന്നാണ് ലേ​ഖ​നത്തിൽ പ്രധാനമായും ചർച്ചയാകുന്നത്.

നഗര-ഗ്രാമജീവിതാവസ്ഥയെക്കുറിച്ചു ലേഖനത്തിൽ വിശദമായി വിവരിക്കുന്നുണ്ട്. ഒ​രു സാ​ധാ​ര​ണ ഇ​ന്ത്യ​ൻ കു​ടും​ബം ത​ങ്ങ​ളു​ടെ ആ​കെ വ​രു​മാ​ന​ത്തിന്‍റെ 40 ശ​ത​മാ​ന​ത്തോ​ളം ഭ​ക്ഷ​ണ​ത്തി​നാ​യി നീ​ക്കി​യ്ക്കുന്നു. ​നി​ല​വാ​രമുള്ള ജീ​വി​തം ന​യി​ക്കാ​ൻ ഒ​രു കു​ടും​ബ​ത്തി​ന് പ്ര​തി​മാ​സം കു​റ​ഞ്ഞ​ത് 60,000 രൂ​പ​യെ​ങ്കി​ലും വ​രു​മാ​നം വേ​ണമെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. എ​ന്നാ​ൽ ഔ​ദ്യോ​ഗി​ക ക​ണ​ക്കു​ക​ൾ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ 95 ശ​ത​മാ​നം ജ​ന​ങ്ങ​ൾ​ക്കും ഇ​ത്ര​യും തു​ക പ്ര​തി​മാ​സം വ​രു​മാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ ആരോഗ്യകരമായ ഭ​ക്ഷ​ണവും ജീവിതനിലവാരവും അ​പ്രാ​പ്യ​മാ​ണ്.

ആ​ഡം​ബ​ര​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും ഭൂ​രി​പ​ക്ഷം വ​രു​ന്ന തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തെ​യും ക​ർ​ഷ​ക​രു​ടെ ന​ഷ്ട​ത്തെ​യും ചൂ​ഷ​ണം ചെ​യ്തു​കൊ​ണ്ട് കെട്ടിപ്പൊക്കിയതാണെന്ന ക​യ്പേ​റി​യ യാ​ഥാ​ർഥ്യമാണ് ഇ​തു കാ​ണി​ക്കു​ന്ന​ത്. തൊ​ഴി​ലാ​ളി​ക​ൾ​ക്കു മാ​ന്യ​മാ​യ വേ​ത​നം ഉ​റ​പ്പാ​ക്കാ​ൻ നി​ല​വി​ലെ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യ്ക്കു സാ​ധി​ക്കു​ന്നി​ല്ല.

ന്യൂ​യോ​ർ​ക്കി​ലെ​യും ഡ​ൽ​ഹി​യി​ലെ​യും ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ​യും ക​രാ​ർ തൊ​ഴി​ലാ​ളി​ക​ളുടെയും വ​രു​മാ​നം താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ട് ഇ​ന്ത്യ​യി​ലെ വേ​ത​ന​ത്തി​ന്‍റെ ദ​യ​നീ​യ അ​വ​സ്ഥ ലേ​ഖ​നം തുറന്നുകാണിക്കുന്നു. ന്യൂ​യോ​ർ​ക്കി​ൽ തു​ട​ക്ക​ക്കാ​ര​നാ​യ മു​നി​സി​പ്പ​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക്ക് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന​ത് ഏ​ക​ദേ​ശം 3.5 ല​ക്ഷം രൂ​പ​യാ​ണ് (3700 ഡോ​ള​ർ). ആ​റു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ഇ​ത് 6.4 ല​ക്ഷം രൂ​പ​യാ​യി വ​ർ​ധി​ക്കും. എ​ന്നാ​ൽ ഡ​ൽ​ഹി​യി​ലെ ഒ​രു ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് പ്ര​തി​മാ​സം ല​ഭി​ക്കു​ന്ന​ത് വെ​റും 18,500 രൂ​പ മാ​ത്ര​മാ​ണ്. സ​ർ​ക്കാ​ർ സർവീസിലുള്ളവർക്ക് പര​മാ​വ​ധി 30,000 രൂ​പ മാ​ത്ര​മാ​ണു ല​ഭി​ക്കു​ക. അ​താ​യ​ത്, ന്യൂ​യോ​ർ​ക്കി​ലെ ഒ​രു ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളിക്കു ര​ണ്ടു ദി​വ​സം കൊ​ണ്ട് ലഭിക്കുന്ന വ​രു​മാ​നം നേ​ടാ​ൻ ഡ​ൽ​ഹി​യി​ലെ ക​രാ​ർ തൊ​ഴി​ലാ​ളി​ക്ക് ഒ​രു മാ​സം മു​ഴു​വ​ൻ ക​ഠി​നാ​ധ്വാ​നം ചെ​യ്യേ​ണ്ടി വ​രു​ന്നു.

സാധാരണക്കാരുടേതു വെറും അ​തി​ജീ​വ​നം മാ​ത്രമാണെന്നും അ​ന്തസില്ലാത്ത ജീവിതമാണെന്നും ലേഖനം പറയുന്നു. രാജ്യത്തെ പാ​വ​പ്പെ​ട്ട​വ​ർ​ക്ക് ക​ഞ്ഞി കു​ടി​ച്ചു കഴിയാൻ ആ​വ​ശ്യ​മാ​യ വരുമാനം മാത്രമാണു ഭൂരിഭാഗത്തിനുമുള്ളത്. സ്വന്തമായ വീടില്ലാത്തവരാണെങ്കിൽ വാടകയിനത്തിലും മാസവരുമാനത്തിന്‍റെ വലിയൊരു ഭാഗം ചെലവഴിക്കേണ്ടിവരും. അതായത്, മൂന്നു നേരം കഴിച്ചില്ലെങ്കിലും ജീവിക്കാൻ കഴിഞ്ഞേക്കാം. എ​ന്നാ​ൽ വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, മാ​ന്യ​മാ​യ പാ​ർ​പ്പി​ടം തു​ട​ങ്ങി​യ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ ഉ​റ​പ്പാ​ക്കി​ക്കൊ​ണ്ട് അ​ന്ത​സുള്ള ജീ​വി​തം ന​യി​ക്കു​ക എ​ന്ന​ത് ഇ​ന്ത്യ​യി​ലെ സാ​ധാ​ര​ണ​ക്കാ​രെ സം​ബ​ന്ധി​ച്ച് അ​ങ്ങേ​യ​റ്റം ചെ​ല​വേ​റി​യ കാ​ര്യ​മാ​യി മാ​റി​യി​രി​ക്കു​ന്നു, അല്ലെങ്കിൽ സ്വപ്നമായി അവശേഷിക്കുന്നു.

തൊ​ഴി​ലാ​ളി​ക​ളു​ടെ കു​റ​ഞ്ഞ വേ​ത​ന​ത്തെ​ക്കു​റി​ച്ച് രാ​ഷ്ട്രീ​യ ച​ർ​ച്ച​ക​ളി​ലോ മു​ഖ്യ​ധാ​രാ സാ​മ്പ​ത്തി​ക വി​ശ​ക​ല​ന​ങ്ങ​ളി​ലോ ആ​രും സം​സാ​രി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് ഏ​റ്റ​വും വ​ലി​യ വി​രോ​ധാ​ഭാ​സം. ജി​ഡി​പി വ​ള​ർ​ച്ച​യെ​ക്കു​റി​ച്ചും വ​ൻ​കി​ട വി​ക​സ​ന​ങ്ങ​ളെ​ക്കു​റി​ച്ചും വാ​തോ​രാ​തെ സം​സാ​രി​ക്കു​മ്പോ​ഴും, രാ​ജ്യ​ത്തിന്‍റെ അ​ടി​ത്ത​റ​യാ​യ സാധാരണക്കാരായ തൊ​ഴി​ലാ​ളി​വ​ർഗ​ത്തെ വെ​റും നാ​മ​മാ​ത്ര​മാ​യ വേ​ത​ന​ത്തി​ൽ ത​ള​ച്ചി​ടു​ന്ന വി​വേ​ച​ന​പ​ര​മാ​യ സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​യാ​ണ് ഇ​ന്ത്യ​യി​ലു​ള്ള​തെ​ന്ന് ലേ​ഖ​നം അ​ടി​വ​ര​യി​ടു​ന്നു.

Latest News

Corehub Up